ന്യൂഡൽഹി: ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം ഇപ്പോൾ “പഴങ്കഥ’’യായെന്ന വിമർശനവുമായി കോണ്ഗ്രസ്. ഇപ്പോഴുള്ളത് വിദേശനയമോ നയതന്ത്രമോ അല്ലെന്നും മറിച്ച് ആലിംഗനതന്ത്രമാണെന്നും (ഹഗ്ഗോമസി) കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.
എല്ലാവരെയും ആലിംഗനം ചെയ്യുകയും അവർ നിങ്ങളുടെ വ്യക്തിഗത സുഹൃത്തുക്കളാണെന്ന് കാണിക്കുകയും ചെയ്യുന്നതാണ് ആലിംഗനതന്ത്രമെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ജയ്റാം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെയും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെയും, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുന്നതിന്റെയും പ്രഖ്യാപനങ്ങൾ ആദ്യം അമേരിക്കയിൽനിന്ന് വന്നത് വിദേശനയത്തിന്റെ പരാജയമായി ജയ്റാം ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് അവർ നമ്മുടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതെന്നും ജയ്റാം ചോദിച്ചു.
അതേസമയം വിദേശനയം മുതൽ ധനകാര്യം വരെ രാജ്യത്തെ സംബന്ധിക്കുന്ന സർവതും പ്രധാനമന്ത്രി എന്ന ഒരൊറ്റയാളാണ് നിയന്ത്രിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെയും ജയ്റാം രമേശ് വിമർശിച്ചു.